Articles Cover Story Details

കൊടുംമർദ്ദനവും രോഷാകുലനായ സ്പീക്കറും

Author : ഡോ.ആർ. പ്രസന്നൻ

calender 26-08-2025

പിണറായി വിജയൻ

അടിയന്തരാവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു. പാതിരയ്ക്ക് സ്വഭവനത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത അദ്ദേഹത്തെ ലോക്കപ്പിലടച്ച് അതിനിഷ്‌ഠുരമായി മർദ്ദിച്ചു. സമുന്നത സി.പി.ഐ നേതാവ് സി.അ ച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ്സ് നേതാവ് കെ.കരുണാകരൻ ആഭ്യന്തരവകുപ്പ് മന്ത്രിയും. ആർ.എസ്.പി.നേതാവ് ആർ.എസ്. ഉണ്ണിയായിരുന്നു നിയമസഭാ സ്പീക്കർ. "മുഖ്യമന്ത്രി അച്യുതമേനോൻ ആണെങ്കിലും മന്ത്രിമുഖ്യൻ കരുണാകരനാണ്." പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസിന്റെ ബുദ്ധിദ്യോതകമായ പരിഹാസം പ്രസിദ്ധം. നിയമസഭാംഗമായ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പിണറായി വിജയൻ സ്പീക്കർക്കെഴുതി. ഒപ്പം പ്രതിപക്ഷനേതാവായ ഇ.എം.എസിന്റെ അനുബന്ധക്കുറിപ്പും. ഇത് രണ്ടും വായിച്ച് സ്തബ്ദനായിപ്പോയ സ്പീക്കർ ആർ.എസ്.ഉണ്ണിയുടെ വിചാരങ്ങളും വികാരവിക്ഷോഭവുമാണ് നിയമസഭാസെക്രട്ടറിയായിരുന്ന ഡോ.ആർ.പ്രസന്നൻ പ്രസിദ്ധമായ തന്റെ ‘നിയമസഭയിൽ നിശ്ശബ്ദനായി' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ജനകീയ സമരങ്ങൾക്കെതിരെ വിവേചനരഹിതമായി നടത്തിയ കൊടിയ മർദനത്തിനിരയായവരിൽ ഒരാളാണ്, അക്കാലത്ത് കൊല്ലം പ്രദേശത്തെ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയനായി തീർന്ന ശ്രീ.ആർ.എസ്.ഉണ്ണി. അതിക്രൂരമായ പൊലീസ് മർദനത്തിന് പലതവണ വിധേയനാകേണ്ടിവന്നതിനാലാകാം ശ്രീ ഉണ്ണി പൊലീസ് മർദനമെന്നു കേൾക്കുമ്പോൾ വികാരവിവശനായിപ്പോകുന്നത്.

 

ഇന്ദിരാ ഭരണത്തിനെതിരെ സ്‌ത്രീകളും കുട്ടികളും നയിച്ച മാർച്ച്‌

1975 നവംബർ മാസം ആദ്യവാരത്തിൽ ശ്രീ. പിണറായി വിജയൻ എന്ന മാർക്സിസ്റ്റ് അംഗത്തിൽ നിന്നും അദ്ദേഹത്തിന് ഒരു കത്തു കിട്ടി. പൊലീസ് കസ്റ്റഡിയിൽവച്ച് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന പലവിധ പീഡനങ്ങൾ വിവരിക്കുന്നതായിരുന്നു പ്രസ്തുത കത്ത്. ശ്രീ. വിജയന്റെ കത്തിനോടൊപ്പം പ്രതിപക്ഷ നേതാവ് ശ്രീ. നമ്പൂതിരിപ്പാടിന്റെ സാമാന്യം ദീർഘമായ ഒരു കുറിപ്പുകൂടി ഉണ്ടായിരുന്നു. ജനപ്രതിനിധികൾക്കുപോലും അടിയന്തരാവസ്ഥക്കാലത്ത് രക്ഷയില്ലാതായിരിക്കുകയാണെന്നും, അവരുടെയെങ്കിലും സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സഭാദ്ധ്യക്ഷൻ ബാധ്യസ്ഥനാണെന്നും, അതിലേക്കായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആ കുറിപ്പിൽ ഊന്നിപ്പറഞ്ഞിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പരസ്യമായി നാട്ടുകാരുടെ കൺമുന്നിൽ വച്ചും ലോക്കപ്പിന്റെ കൽമതിൽക്കെട്ടിനുള്ളിൽ വച്ചും നടത്തിയ 'മൃഗീയ'മായ മർദനത്തെക്കുറിച്ചുള്ള സംഭവ കഥാവിവരണം വായിച്ചപ്പോഴേ ശ്രീ. ഉണ്ണി കോപതാപങ്ങൾകൊണ്ട് ആകെ തളർന്നുപോയി. കുറിക്കുകൊള്ളുന്ന പദങ്ങളും വാക്യങ്ങളും പ്രയോഗിക്കുവാൻ അസാമാന്യ സിദ്ധിവിശേഷമുള്ള ശ്രീ.നമ്പൂതിരിപ്പാടിന്റെ അനുബന്ധക്കുറിപ്പും കൂടി ആയപ്പോൾ അദ്ദേഹം ആകെ ഇളകിമറിഞ്ഞുവെന്നു തോന്നുന്നു.

ശ്രീ.ഉണ്ണി ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ചേംബറിലേക്കു ചെന്നപ്പോൾ അദ്ദേഹം അസ്വസ്ഥചിത്തനായി കാണപ്പെട്ടു.

കത്തുകൾ രണ്ടും ഞാൻ വായിച്ചു. സമ്മിശ്ര വികാരങ്ങൾക്ക് അടിമപ്പെടാതെ ആർക്കും അവ വായിക്കുവാനാവില്ല. മാനസികവും ശാരീരികവുമായ പലവിധ പീഡനങ്ങൾക്കും വിധേയനാകേണ്ടി വന്ന ബഹുമാന്യനായ ജനപ്രതിനിധിയോടുള്ള അനുതാപത്തെക്കാൾ, വേതാളങ്ങളായി മാറിയ നിയമപാലകന്മാരോടുള്ള ധാർമ്മികരോഷമാണ് ഉള്ളിലൊതുങ്ങാതെ നുരഞ്ഞ് പൊന്തിവരുന്നത്.

"ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ. അല്ലെങ്കിൽ ഞാൻ ഈ സ്ഥാനത്ത് ഇരുന്നിട്ടു കാര്യമില്ല.. അതിനു മറുപടിയായി അല്പസമയം കഴിഞ്ഞ് ഞാൻ സാവധാനമായി പറഞ്ഞു:

"കത്തുകൾ രണ്ടും ഗവൺമെന്റിനു ഫോർവേഡ് ചെയ്യാനല്ലാതെ നമുക്ക് എന്തു ചെയ്യാൻ കഴിയും? നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടാം..!

ഞാൻ പറഞ്ഞു തീരുന്നതുവരെ ക്ഷമിച്ചിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

'കുട്ടിയായിരിക്കലും അച്ഛനെങ്കിലും തല്ലിയിട്ടുണ്ടോ? ഡോക്ടർക്ക് ഒരിക്കലും പൊലീസ് മർദനമെന്നാൽ എന്താണെന്ന് മനസ്സിലാവില്ല. അനുഭവിച്ചാലേ അതെന്താണെന്ന് അറിയൂ.. ഇതാ ഈ ശരീരം നോക്കൂ! ഇതിലെ ഓരോ ഇഞ്ചും പൊലീസ് തല്ലിച്ചതച്ചിട്ടുള്ളതാണ്. എനിക്കു കിട്ടിയിട്ടുള്ള തല്ലും തൊഴിയും ഇടിയും ഒരു അരയാലിനോ പുളിമരത്തിനോ എറ്റിരുന്നെങ്കിൽ അത് എന്നേ വാടിക്കരിഞ്ഞു പോകുമായിരുന്നു...

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ഠം ഇടറി. കണ്ണുകൾ നിറഞ്ഞു. വികാരപാരവശ്യം അദ്ദേഹത്തിന് മറയ്ക്കുവാനായില്ല.

സ്പീക്കറുടെ വിശാലമായ ചേംബറിൽ കനത്ത നിശ്ശബ്ദത പരന്നു. ഹൃദയസ്പന്ദനം പോലെ എവിടെയോ ടൈപ്പ്റൈറ്ററുകൾ മാത്രം നിലയ്ക്കാതെ ശബ്ദിച്ചു കൊണ്ടിരുന്നു.

കുറെ സമയം മുഖം കുനിച്ചിരുന്ന ശേഷം, പോയി മുഖം കഴുകി തിരിയെ വന്നു. വളരെ പണിപ്പെട്ടു വരുത്തിയ പുഞ്ചിരി തങ്ങിനിൽക്കാനാവാതെ ക്ഷണനേരം കൊണ്ട് മാഞ്ഞുപോയി വീണ്ടും മ്ലാനത പരന്നു.

തന്റെ ഹൃദയഭാരം കുറയ്ക്കുവാനെന്നോണം അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും, ഗാഢനിദ്രയിൽ നിന്ന് ഞെട്ടി ഉണർത്തുന്ന കൊല്ലം കസ്ബാ സ്റ്റേഷനെന്ന കാലന്റെ കൊലയറയിലെ ഭീകരാനുഭവങ്ങൾ. രാപകൽ ഭേദമന്യേയുള്ള മർദനം. ഭേദ്യം ചെയ്യുന്നതിന് എന്തെല്ലാം മാർഗ്ഗങ്ങൾ? മുറകൾ: അവയ്ക്ക് എത്രയെത്ര വകഭേദങ്ങൾ.

ഏതു കുറ്റവും ആരെക്കൊണ്ടും ഏറ്റു പറയിക്കുവാനും ഏത് ഉള്ളറ രഹസ്യവും ആരിൽനിന്നും ചോർത്തിയെടുക്കുവാനും കഴിയുമെന്നും വീമ്പടിച്ചിരുന്ന ഒരു പൊലിസുകാരനുണ്ടായിരുന്നുവത്രെ. ഇടത്തേ ചെവിട്ടിൽ അത്യുഗ്രമായി ആഞ്ഞൊരടി കൊടുത്താൽ വലത്തേ ചെവിയിൽകൂടി ചോര തെറിക്കും, വേദനകൊണ്ടു പുളയുന്ന ആ മുഹൂർത്തത്തിൽ എന്തും പറഞ്ഞുപോകും പോൽ. ആ പ്രയോഗത്തിലായിരുന്നു അയാൾ സ്പെഷ്യലൈസ് ചെയ്തിരുന്നത്. ഒരു സമാധാനം മാത്രം. അത്യാവശ്യ സന്ദർഭങ്ങളിൽ അപൂർവമായി മാത്രമേ അയാളുടെ വിദഗ്ദ്ധ സേവനം അധികൃതർ ആവശ്യപ്പെട്ടിരുന്നുള്ളൂ. വെളുപ്പാൻ രാവിലെ 'ചിക്കിന് കൊണ്ടുപോകുമ്പോൾ പൊലീസുകാർ പുള്ളികളോട് കാട്ടുന്ന ക്രൂരമായ ചില വിനോദങ്ങളാണ് മനസ്സ് മരവിച്ചുപോയ പലർക്കും അല്പം തമാശയ്ക്ക് വകയൊരുക്കിയിരുന്നത്.

ഉണങ്ങാത്ത മുറിവുകളായി മാറിയ അത്തരം എത്രയെത്ര അനുഭവങ്ങൾ. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ അദ്ദേഹം ശാന്തനായി.

"വിജയനെ നമുക്കൊന്നുപോയി കണ്ടാലോ?' അദ്ദേഹം ചോദിച്ചു.

'കാണുന്നതിന് ഒരു വിരോധവുമില്ല. കണ്ടുകഴിഞ്ഞാലോ? വിജയന് പറയാനുള്ളതെല്ലാം കേൾക്കാം. മർദനത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്താം. മർദിച്ചവരുടെ പേരുവിവരം നൽകാം. പക്ഷേ, അതിന്മേൽ എന്തു നടപടി എടുക്കാൻ കഴിയും?'

ഞാൻ വിശദീകരിച്ചു. ഒന്നാമതായി ഇതൊന്നും നിയമസഭാദ്ധ്യക്ഷന്റെ അധികാരപരിധിയിൽപ്പെടുന്ന കാര്യങ്ങളല്ല. പരിധിവിട്ട് കാൽ മുന്നോട്ടുവച്ചാൽ പിൻവലിക്കേണ്ടതായി വരും.

അവയെല്ലാം അദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത കാര്യങ്ങളല്ല. പക്ഷേ, അക്കാര്യങ്ങളെല്ലാം ആ അവസരത്തിൽ ഓർമ്മിപ്പിക്കേണ്ടത് എന്റെ കടമയാണല്ലോ.

നിയമസഭാ മന്ദിരത്തിനകത്തോ പരിസരത്തോ വച്ച് ഒരംഗത്തെ സഭാദ്ധ്യക്ഷന്റെ അനുമതി കൂടാതെ അറസ്റ്റു ചെയ്യുകയാണെങ്കിൽ അത് അദ്ധ്യക്ഷനോടുള്ള അനാദരവും സഭയുടെയും അംഗത്തിന്റെയും പ്രത്യേകാവകാശ ലംഘനവുമായി പരിഗണിക്കപ്പെടും. സഭയുടെ സമ്മേളനത്തിൽ സംബന്ധിക്കാനായി വരുമ്പോൾ ഒരംഗത്തിന് തടസ്സം സൃഷ്ടിക്കുകയാണെങ്കിലും നടപടിയെടുക്കാം. പക്ഷെ, പുറത്തുവച്ച് പൊലീസോ മറ്റാരെങ്കിലുമോ ഒരംഗത്തോട് അപമര്യാദയായി പെരുമാറുകയോ, അല്ലെങ്കിൽ അദ്ദേഹത്തെ ദേഹോപദ്രവം ഏൽപിക്കുകയോ ചെയ്താൽ നടപടിയെടുക്കേണ്ടത് സഭാദ്ധ്യക്ഷനല്ല. എല്ലാ പൗരന്മാർക്കും ബാധകമായ നിയമത്തിന് അതിന്റേതായ വഴികളുണ്ട്.

തടവറയിൽ കഴിയുന്ന ശ്രീ.വിജയനെ സന്ദർശിക്കുകയും മർദനം മൂലം ഏൽക്കേണ്ടിവന്ന ക്ഷതം നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്താൽ ശ്രീ.വിജയന് അൽപം ആശ്വാസം പകരാം. അല്ലാതെ ഫലപ്രദമായി മറ്റൊന്നും ചെയ്യുവാൻ കഴിയുകയില്ല. എന്നു മാത്രവുമല്ല, സഭാദ്ധ്യക്ഷന്റെ സന്ദർശനത്തോടെ, അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടതായി വ്യാഖ്യാനിക്കപ്പെടുകയും സ്വാഭാവികമായി മറ്റു നടപടികൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും.

സന്ദർശനത്തിൽ തനിക്ക് ബോദ്ധ്യമായ കാര്യങ്ങൾ ഗവൺമെന്റിനെ അറിയിച്ചാൽ തന്നെയും ഗവൺമെന്റ് തനതായ മാർഗങ്ങളിൽ കൂടി അന്വേഷണം നടത്തുവാനും, അതിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ സ്വീകരിക്കാനും മാത്രമേ മുതിരുകയുള്ളൂ. സഭാദ്ധ്യക്ഷന്റെ അന്തസ്സിനെയും അഭിമാനത്തെയും ബാധിക്കുന്ന ഒരു പ്രശ്നമായി അപ്രതീക്ഷിതമായ സംഭവവികാസങ്ങളിൽ കൊണ്ടെത്തിച്ചുവെന്നുംവരാം. അടിയന്തരാവസ്ഥക്കാലമാണെന്ന കാര്യവും വിസ്മരിക്കുവാൻ പാടില്ലല്ലോ.

അന്നും തുടർന്നുള്ള ദിവസങ്ങളിലും ശ്രീ. ഉണ്ണി അസ്വസ്ഥനായിരുന്നു. അദ്ദേഹമനുഭവിക്കുന്ന മനോവ്യഥ എത മാത്രമാണെന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു.

(അടിയന്തരാവസ്ഥക്കാലത്ത് നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ.ആർ.പ്രസന്നൻ എഴുതിയ ലേഖനത്തിൽ നിന്ന്)

Share